ഡൽഹി: രാജ്യത്തെ പൗരത്വ നിയമം (CAA) തെറ്റാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൾ മുസ്ലിമീൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ അന്തസത്തയ്‌ക്ക് വിരുദ്ധമായ, മതാധിഷ്ഠതമായ, നിയമാമാണിതെന്നും മുസ്ലീമുകളെ കുഴപ്പത്തിലാക്കാൻ വേണ്ടി മാത്രം രൂപീകരിച്ചിട്ടുള്ളതാണെന്നും ഒവൈസി പറഞ്ഞു. മുസ്ലീം സഹോദരങ്ങളെ പലരും തെറ്റിദ്ധരിപ്പിക്കാനാണ് സിഎഎയ്‌ക്ക് എതിരെ സംസാരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്.
മുസ്ലീം, ദളിത്, മറ്റ് പിന്നാക്ക സമൂഹങ്ങൾ എന്നിവരെ പ്രതിസന്ധിയിലാക്കുന്നതിനാണ് പൗരത്വ നിയമം. എഐഎംഐഎം എന്നും എപ്പോഴും സിഎഎയ്‌ക്ക് എതിരാണ്. തെലങ്കാനയിൽ ബിആർഎസ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ സംസ്ഥാന സർക്കാർ സെൻസസ് നടത്തുന്നതിന് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ എൻപിആറിനും എൻആർസിക്കും തങ്ങൾ എതിരാണ്. നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം സിഎഎ സംബന്ധിച്ച പരാമർശം കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ നടത്തിയിരുന്നു. 2019ൽ പൗരത്വ നിയമം പാസായതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നിയമം പ്രാബല്യത്തിൽ വരുത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്. നമ്മുടെ മുസ്ലീം സഹോദരങ്ങളെ തെറ്റദ്ധരിപ്പിച്ചിരിക്കുകയാണ്. അർഹതപ്പെട്ടവർക്ക് പൗരത്വം നൽകാനുള്ള നിയമമാണ്, അല്ലാതെ ആരുടെയും പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ന്യൂനപക്ഷമായതിന്റെ പേരിൽ ഉപദ്രവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധിസ്റ്റ്, പാഴ്സി, ക്രിസ്റ്റ്യൻ എന്നീ മതവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകാനുള്ള നിയമമാണിതെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.