ഇടുക്കി: സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്. നിലവിലുള്ള വാച്ചർമാരുടെ സേവനം മാർച്ച് 31 വരെ മാത്രമാണ് ഉണ്ടാകുക. ആർ.ആർ.ടി സംഘം ഒഴികെയുള്ള മുഴുവൻ താത്ക്കാലിക വാച്ചർമാരെയും പിരിച്ചുവിടാനാണ് ഉത്തരവ്. മൂന്നാർ ഡിഎഫ്ഒയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വന്യജീവി ശല്യം പ്രതിരോധിക്കാൻ വാച്ചർമാരുടെ എണ്ണക്കുറവ് നിലനിൽക്കുന്നതിനിടെയാണ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാർ ഡിവിഷനുകളിലെ വാച്ചർമാരെയാണ് പിരിച്ചു വിടുന്നത്.
അതേസമയം, വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതലയോഗം വിളിച്ചു. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്.















