മുംബൈ: അശോക് ചവാന്റെ കോൺഗ്രസിൽ നിന്നുള്ള രാജിക്ക് പിന്നാലെ വിഷയത്തിൽ നടുക്കവും സങ്കടം തുറന്നുപറഞ്ഞ് കോൺഗ്രസ് ദേശീയ സെക്രട്ടറി ജയറാം രമേശ് രംഗത്തുവന്നു. അശോക് ചവാന്റെ രാജി ചെറിയ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും എന്നാൽ അതുകൊണ്ട് കോൺഗ്രസ് തകരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മഹാരാഷ്‌ട്ര എംഎൽഎ പൃഥ്വിരാജ് ചവാനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. അശോക് ചവാന്റെ തീരുമാനം വലിയ സങ്കടമുണ്ടാക്കുന്നതാണ്. കുറച്ചുനാളായി പാർട്ടിയിൽ ഇത് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, വളരെ പെട്ടന്ന് ഒരു തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹം രണ്ടു തവണ മുഖ്യമന്ത്രിയായി, എന്താണ് പ്രശ്നമെന്നും ആരാണ് അദ്ദേഹത്തെ വേദനിപ്പിച്ചതെന്നും അറിയില്ല. ഇത്‍ അദ്ദേഹമാണ് പറയേണ്ടത്. വളരെ ദയനീയമായ അവസ്ഥയാണ് ഇത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ കോൺഗ്രസ് വിട്ടത് വലിയ നടുക്കത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു അശോക് ചവാൻ. സംസ്ഥാനത്ത് പാർട്ടി നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇരുത്തം വന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വവും പ്രാഥമിക മെമ്പർ ഷിപ്പിൽ നിന്നുമാണ് അശോക് ചവാൻ രാജിവച്ചത്. 2009-10 വരെ മഹാരാഷ്‌ട്രയിൽ ചവാൻ നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ ഭരണം നടത്തിയിരുന്നു. ചവാന്റെ രാജി പ്രഖ്യാപനം മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.















