തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും മർദ്ദിച്ച കേസിൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി മർദ്ദനമേറ്റ യുവാക്കൾ. അജയ് ജ്യൂവൽ കുര്യാക്കോസ്, എഡി തോമസ് എന്നിവരാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കോടതി ഇടപെട്ടിട്ടും കേസ് അന്വേഷിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും യുവാക്കൾ പരാതിയിൽ പറയുന്നു.
കേസിലെ പ്രതികളായ ഗൺമാനെയും സുരക്ഷാ ജീവനക്കാരെയും പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് യുവാക്കൾ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ അനുയായികളെന്ന ലേബൽ ഉപയോഗിച്ച് കേസിൽ നിന്നും തടിയൂരാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് യുവാക്കൾ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 15-നാണ് ജനറൽ ആശുപത്രി ജംഗ്ഷനില്‍ വച്ച് പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ആലപ്പുഴ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളാ സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും പോകുമ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി ലാത്തികൊണ്ട് യുവാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.