ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ എന്ന ഖ്യാതി കൊൽക്കത്തയിലെ ഹൗറ ജംഗ്ഷനാണ്. ഏറ്റവും തിരക്കേറിയ സ്റ്റേഷനും ഇതുതന്നെയാണ്. ആകെ 23 പ്ലാറ്റ്ഫോമുകൾ, 26 റെയിൽ ലൈനുകൾ, പ്രതിദിനം 35-ലധികം ഇടത്തേക്ക് 600-ഓളം ട്രെയിൻ സർവീസ്.. ഒരു ദിവസം കുറഞ്ഞത് 10 ലക്ഷം പേരാണ് സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. ഹൗറ ജംഗ്ഷനിലെത്തിയാൽ രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും ട്രെയിനിൽ യാത്ര ചെയ്യാവുന്നതാണ്. 24 മണിക്കൂറും സ്റ്റേഷനിൽ തിരക്കാണ്.
1854-ലാണ് ഈസ്റ്റേൺ ഡിവിഷന് കീഴിൽ ഹൗറ റെയിൽവേ ജംഗ്ഷൻ നിർമ്മിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനും ഇതുതന്നെയാണ്. ബ്രിട്ടീഷ് വാസ്തുശില്പിയായ ഹാൽസി റിക്കാർഡോയാണ് സ്റ്റേഷൻ രൂപകൽപന ചെയ്തത്.
ശാന്തിനികേതൻ (ബോൾപൂർ), ബേലൂർ മഠം (ബേലൂർ), താരാപീഠ് (റാംപൂർഹട്ട്), താരകേശ്വര്, ഹൂഗ്ലി ഇമാംബര & പോർച്ചുഗീസ് ചർച്ച് (ബാൻഡൽ), നബദ്വിപ് ധാം (ഇസ്‌കോൺ ക്ഷേത്രം), അസിംഗഞ്ച് (ഹസർദുരി) ബർധമാൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ഹൗറ ജംഗ്ഷനിൽ ഇറങ്ങാം.