ന്യൂഡൽഹി: മുൻ നാവിക സേനാംഗങ്ങളുടെ മോചനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷണം നടത്തിയിരുന്നതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര. ഇവരുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളെ ശിക്ഷ റദ്ദാക്കി ഇന്ന് തിരിച്ചെത്തിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇത് പറഞ്ഞത്.
മുൻ നാവികസേനാംഗങ്ങളെ മോചിപ്പിക്കുന്നതിൽ പ്രധാനമന്ത്രി വ്യക്തിപരമായ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഡിസംബറിൽ ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ ഖത്തർ അമീറിനെ അദ്ദേഹം കാണുകയും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഖത്തർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാന പങ്കുവഹിച്ചതായി റിപ്പോർട്ടുണ്ട്.
ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിക്കുമെന്നും അന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് പ്രധാനമന്ത്രി നേരിട്ട് നന്ദി അറിയിക്കുമെന്നും വിനയ് ക്വാത്ര പറഞ്ഞു. ഖത്തർ അമീറുമായും മറ്റ് ഉന്നതരുമായും ഉഭയകക്ഷി ചർച്ച നടത്തും.
ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളെ ചാരവൃത്തി ആരോപിച്ചാണ് തടവിലാക്കിയിരുന്നത്. വധശിക്ഷയ്‌ക്ക് വിധിച്ച ഇവരുടെ ശിക്ഷ ആദ്യം ഖത്തർ ഇളവ് ചെയ്യുകയും പിന്നീട് മോചിപ്പിക്കുകയുമായിരുന്നു.















