വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ. മണ്ണുണ്ടി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്‌ക്കാനുള്ള ഇന്നത്തെ ഒരുക്കങ്ങൾ ആരംഭിച്ചു. ഇടയ്‌ക്കിടയ്‌ക്ക് മാത്രമാണ് ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നത്. ഇതനുസരിച്ചാണ് ദൗത്യ സംഘം ആനയുടെ അടുക്കലേക്ക് നീങ്ങുന്നത്. രാവിലെ 8. 30 ഓടെയാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കുന്നത്.
ആളെക്കൊല്ലി കാട്ടാന കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിൽ ആനയെ ഇന്ന് തന്നെ പിടികൂടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്നലെ പല തവണ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. കാട്ടാനയുടെ മയക്കുവെടി ദൗത്യം പുരോഗമിക്കുന്നതിനാൽ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും കളക്ടർ ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വയനാട്ടിൽ ഇന്ന് കർഷക കൂട്ടായ്മയായ ഫാർമേഴ്സ് റിലീഫ് ഫോറം മനസാക്ഷി ഹർത്താലും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ മറ്റ് പ്രതിഷേധങ്ങളോ നടത്തില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.















