ചെന്നൈ: സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. രാമേശ്വരത്തിൽ നിന്നുള്ള 18 പേരാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഫെബ്രുവരി എട്ടിന് പാക് കടലിടുക്കിലെ ഡെൽഫ് ദ്വീപിന് സമീപത്ത് വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊളംബോയിൽ നിന്ന് വിമാനമാർഗം എത്തിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ശ്രീലങ്കയിലെ പ്രാദേശിക കോടതി ഈ മാസം ആദ്യം തന്നെ ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ജയിൽ നിന്ന് മോചിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഒരു ക്യാമ്പിലായിരുന്നു പാർപ്പിച്ചിരുന്നത്.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കയുടെ നടപടിക്കെതിരെ ശക്തമായ നീക്കത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. പിടിച്ചെടുത്ത ബോട്ടുകൾ ദേശസാൽക്കരിക്കാനുള്ള നിയമവും അടുത്തിടെ ശ്രീലങ്ക പാസാക്കിയിരുന്നു.















