ചെന്നൈ: തിരുനെൽവേലിയിൽ 34 മാസത്തിനിടയിൽ 18 വയസ്സിന് താഴെയുള്ള 1,448 പെൺകുട്ടികൾ പ്രസവിച്ചതായി വിവരാവകാശരേഖ. 2021 ജനുവരി മുതൽ 2023 ഒക്ടോബർ വരെയുള്ള കാലേയളവിലാണ് പ്രസവം നടന്നത്. ആരോഗ്യപ്രവർത്തകയായ വെറോണിക്ക മേരിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
1,448 പ്രസവങ്ങളിൽ 1,101 പ്രസവങ്ങൾ നടന്നത് ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ്. തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് 347 കുഞ്ഞുങ്ങൾ പിറന്നത്. മേലപ്പാളയം അർബൻ പിഎച്ച്സിയിലാണ് ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടന്നത്
(88), തൊട്ടുപിന്നിൽ മണൂർ റൂറൽ പിഎച്ച്സിയാണ് (44).
തമിഴ്‌നാട്ടിലെ ശൈശവ വിവാഹത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്‌കൂളിലെ കൊഴിഞ്ഞു പോക്കാണെന്ന് വെറോണിക്ക മേരി പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹാനന്തരം നേരിടുന്നത് ലൈംഗികാതിക്രമമാണ്, അത് പോക്സോ നിയമപ്രകാരം ശിക്ഷാർഹമാണ്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടികളെ ബോധവത്കരിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സംസ്ഥാന സർക്കാർ ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. മിക്ക സ്‌കൂൾ വിദ്യാർത്ഥികൾക്കും 1098 എന്ന ഹെൽപ്പ്ലൈൻ നമ്പറിനെക്കുറിച്ച് പോലും അറിയില്ല, അവർ പറഞ്ഞു.
എന്നാൽ ജില്ലയിൽ പ്രായപൂർത്തിയാവാത്ത പ്രണയവിവാഹങ്ങൾ സാധാരണമാണെന്ന ന്യയമാണ് സർക്കാർ വൃത്തങ്ങൾ നിരത്തുന്നത്. പലപ്പോഴും പെൺകുട്ടി ഗർഭിണിയായതിന് ശേഷമാണ് വിഷയം ശ്രദ്ധയിൽപ്പെടുന്നത്. 99 ശതമാനം ശൈശവ വിവാഹങ്ങളും പ്രസവങ്ങളും ഒളിച്ചോടിയുള്ള വിവാഹത്തിലാണ് സംഭവിക്കുന്നത് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.















