തിരുവനന്തപുരം: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മാദ്ധ്യമ സ്ഥാപനങ്ങളായ മാധ്യമത്തിനും ദേശാഭിമാനിക്കും വക്കീൽ നോട്ടീസ്. കേന്ദ്ര സർവകലാശാല മുൻ പ്രോ വി.സി. ഡോ.കെ. ജയപ്രസാദാണ് മാദ്ധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ചത്. ജയപ്രസാദിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഹൈക്കോടതി റദ്ദാക്കി എന്നായിരുന്നു വ്യാജ വാർത്ത.
സർവകലാശാലയുടെ മുൻ റിപ്പോർട്ട് റദ്ദാക്കി എന്ന വിവരം നിയമനം റദ്ദാക്കി എന്ന തരത്തിലാണ് വാർത്തകൾ വന്നത്. വ്യാജ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. നിയമനം സംബന്ധിച്ച പരാതിയടക്കം സർവകലാശാല പരിഗണിച്ച് തീരുമാനം കൈക്കൊള്ളണം എന്നായിരുന്നു കോടതി വിധി. ഇതാണ് നിയമനം റദ്ദാക്കി എന്ന രീതിയിൽ പ്രചരിച്ചത്.















