ജയ്പൂർ: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജസ്ഥാനിൽ നിന്നുമാണ് സോണിയ രാജ്യസഭയിലേയ്‌ക്ക് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി സോണിയ ഇന്ന് ജയ്പൂരിൽ എത്തി. ഹിമാചലിൽ നിന്നും സോണിയ സഭയിലെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ശേഷം മത്സരിക്കാനായി രാജസ്ഥാൻ തിരഞ്ഞെടുക്കുകയായിരുന്നു.
സോണിയ ആദ്യമായാണ് രാജ്യസഭയിലേക്ക് എത്തുന്നത്. തുടർച്ചയായി നാലുതവണ ജയിച്ച റായ്ബറേലി ലോക്‌സഭാ മണ്ഡലം ഉപേക്ഷിച്ചാണ് അവർ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് മത്സരിക്കുന്നത്. നിലവിൽ രാജസ്ഥാനിൽ നിന്നും മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവുള്ളത്. നിലവിലെ രാജസ്ഥാൻ നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഇതിൽ ഒരു സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ സാധിക്കും. ഈ സീറ്റിലേയ്‌ക്കാണ് സോണിയ മത്സരിക്കുന്നത്.
നെഹ്‌റു കുടുംബത്തിൽ നിന്നും രാജ്യസഭയിലേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് സോണിയ. 1964 ൽ ഇന്ദിര ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിൽ എത്തിയിരുന്നു. ഹിന്ദി ഹൃദയഭൂമിക്ക് പുറത്തേക്ക് നെഹ്‌റു കുടുംബം പിൻവലിയുന്നു എന്ന ചീത്തപ്പേര് മാറ്റാനാണ് കർണാടകയോ, തെലങ്കാനയോ തിരഞ്ഞെടുക്കാതെ സോണിയ രാജസ്ഥാൻ തന്നെ മത്സരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.















