എറണാകുളം: കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. 2023 ഡിസംബർ 18-നാണ് സിഎംആർഎല്ലിന്റെ അനുമതി റദ്ദാക്കി ഉത്തരവിറക്കിയത്. ധാതുഖനനം പൊതുമേഖലയിൽ മാത്രമാക്കി 2019-ൽ കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ഉത്തരവ് റദ്ദാക്കാമായിരുന്നിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടാണ് സിഎംആർഎല്ലിന്റെ ഖനന അനുമതി റദ്ദാക്കിയത്. സിഎംആർഎല്ലിനെ സഹായിക്കാനുള്ള സർക്കാരിന്റെ ഇടപെടലാണ് ഇതിലൂടെ പുറത്താകുന്നത്.
മാസപ്പടി വിവാദത്തിൽ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കർണാടക ഹൈക്കോടതിയെയും കെഎസ്‌ഐഡിസി കേരളാ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇരുകോടതികളും അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചത് ആരോപണവിധേയരായ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കും വലിയ തിരിച്ചടിയാണ്. എസ്എഫ്ഐഒയുടെ അന്വേഷണം തടയാനാവില്ലെന്ന് വ്യക്തമാക്കിയ കർണാടക ഹൈക്കോടതി സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഏജൻസി ആവശ്യപ്പെട്ട മുഴുവൻ രേഖകൾ നൽകാനും നിർദ്ദേശിച്ചിരിക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്നാണ് കേരള ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്.
വീണയ്‌ക്ക് സിഎംആർഎല്ലിൽ നിന്ന് മൂന്ന് വർഷത്തിനിടെ മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിൽ നിന്ന് ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് സിഎംആർഎൽ പണം നൽകിയിരുന്നത്. സിഎംആർഎൽ വീണയ്‌ക്ക് 55 ലക്ഷം രൂപയും എക്‌സാലോജിക്കിന് 1.17 കോടി രൂപയുമാണ് മാസപ്പടിയായി നൽകിയത്.