തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉള്ളതിനാലായിരുന്നു അത്. എന്നാൽ ഇന്നത്തെ സാഹചര്യമതല്ല. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും തൊഴിൽ തേടി ആളുകൾ ഇവിടെയെത്തുന്നു. ഉന്നതവിദ്യാഭ്യാസത്തിന് മാത്രമല്ല തൊഴിൽ നേടാൻ കൂടിയാണ് വിദ്യാർത്ഥികൾ കേരളം വിടുന്നതെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
പുഷ്പനെ അറിയാമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പുഷ്പനെ അറിയാമെന്നും അന്നത്തെ സാഹചര്യമല്ല ഇന്നെന്നും ധനമന്ത്രി പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ പണ്ട് നടത്തിയ സമരങ്ങളിൽ കൂടെയുണ്ടായിരുന്നവരാണ് ഇന്ന് സഭയിലുള്ളത്. ആ സാഹചര്യമല്ല ഇന്നത്തേതെന്ന് പറഞ്ഞാണ് ധനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്വകാര്യ സർവ്വകലാശാല ക്യാമ്പസുകൾ ആരംഭിക്കുമെന്നല്ല ചർച്ചകൾ വേണമെന്നാണ് ബജറ്റിൽ പറഞ്ഞത്. വിഷയത്തിൽ ചർച്ചകൾ പോലും പാടില്ലെന്ന് പറയുന്നത് ശരിയല്ല. സർക്കാരാണ് ചർച്ച മുന്നോട്ട് വച്ചത്. വിദേശ സർവ്വകലാശാലകളെ സിപിഎം അംഗീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. പാർട്ടി നിലപാടാണ് അദ്ദേഹം പറഞ്ഞതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കമ്പ്യൂട്ടറുകൾ തൊഴിൽ നഷ്ട്ടപ്പെടുത്തുമെന്ന് പറഞ്ഞ് സിപിഎം അടക്കമുള്ള ഇടത് പാർട്ടികൾ 90- കളിൽ സമരം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തൊഴിൽ തിന്നുന്ന ബകൻ എന്ന ലഘുലേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ഇത്തരത്തിൽ നിരവധി വികസനങ്ങളെ സിപിഎം എതിർക്കുകയും പിന്നിട് പ്രചാരത്തിലാകുമ്പോൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറ്റൊരു ഉദാഹരണമാണ് ട്രാക്ടർ വിരുദ്ധസമരങ്ങളും.















