ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന് രാജ്യസഭാ സീറ്റ് നൽകാതെ കോൺഗ്രസ്. കമൽ നാഥിനും കമൽനാഥ് നിർദ്ദേശിച്ച സജ്ജൻ സിംഗ് വർമ്മയ്‌ക്കും കോൺഗ്രസ് സീറ്റ് നൽകിയില്ല. പകരം പാർട്ടി സംസ്ഥാന ട്രഷറർ ആയിട്ടുള്ള അശോക് സിംഗിനെയാണ് കോൺഗ്രസ് രാജ്യസഭയിലേക്കയക്കുന്നത്. നിലവിലെ കക്ഷി നിലയനുസരിച്ച് കോൺഗ്രസിന് മദ്ധ്യപ്രദേശിൽ നിന്ന് ഒരംഗത്തെ മാത്രമേ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കൂ.
കമൽ നാഥ് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് നിലപാടല്ല സ്വീകരിച്ചത്. രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ കമൽ നാഥിനെ പിണക്കിയത് സംസ്ഥാനത്ത് കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കും. മദ്ധ്യപ്രദേശിൽ കനത്ത തോൽവിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വഴങ്ങിയത്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന കമൽനാഥിനെ പിസിസി സ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറ്റിയിരുന്നു. 2018 മുതൽ കമൽനാഥായിരുന്നു പിസിസി അദ്ധ്യക്ഷൻ. സ്ഥാനമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് കമൽനാഥ്.















