കൊൽക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നലെ ഏഴാം ദിവസത്തിലേക്ക് കടന്നിരുന്നു. നാളിതുവരെയായിട്ടും തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ അധികൃതർ തയ്യാറാകാത്തത് വൻ സംഘർഷത്തിലേക്കാണ് വഴിവെച്ചത്. പ്രതിഷേധകർക്ക് നേരെ പോലീസ് നടത്തിയ ലാത്തി ചാർജിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് സുകന്ത മജുംദാറിന് പരിക്കേറ്റു.
സംഘർഷം വർദ്ധിച്ച സാഹചര്യത്തിൽ സിആർപിസി സെക്ഷൻ 144 പ്രകാരം മേഖലയിൽ നിരോധനാജ്ഞയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തൃണമൂൽ നേതാവായ ഷെയ്ഖ് ഷാജഹാൻ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയാണെന്നും സ്ത്രീകള്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയാണെന്നും ചൂണ്ടിക്കാണിച്ച് മഹിളാ മോർച്ചയാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. പോലീസ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാതായതോടെ ബിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേരുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശിയതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനെ തുടർന്ന്, ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നിരോധനാജ്ഞയാണ്. പ്രതിഷേധം അടിച്ചമർത്താനായിരുന്നു പോലീസിന്റെ ശ്രമം. ലാത്തിച്ചാർജിൽ കാറിന്റെ മുകളിലെ ബോണറ്റിൽ വീണാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് സുകന്ത മജുംദാറിനു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ കഴിഞ്ഞ മാസം മുതൽ ഒളിവിൽ കഴിയുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കുറ്റാരോപിതനായ തൃണമൂൽ നേതാവിനെ പോലീസ് സംരക്ഷിച്ചിരിക്കുകയാണെന്നും ബിജെപി പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന് സുകന്ത മജുംദാറിനു നേരെ ഇന്നലെ നടന്ന ആക്രമണത്തിൽ ഇന്ന് സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പശ്ചിമബംഗാളിൽ ഗുണ്ടാരാജ് ആണ് നടപ്പാക്കുന്നതെന്നാണ് ഗവർണർ സി.വി.ആനന്ദബോസിന്റെ പ്രതികരണം.















