ഭാരതത്തിൽ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിലും ഹിന്ദു ക്ഷേത്രങ്ങളുണ്ട്. കൊത്തുപണികൾ കൊണ്ടും വാസ്തുവിദ്യയിലെ വൈവിധ്യം കൊണ്ടും മിക്ക ക്ഷേത്രങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങീ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ കംബോഡിയ, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിൽ പലതിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന അഞ്ച് പ്രധാന ഹിന്ദു ക്ഷേത്രങ്ങൾ പരിശോധിക്കാം…
അങ്കോർ വാട്ട്
ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഹിന്ദു ക്ഷേത്രമാണ് കംബോഡിയയിൽ സ്ഥിതി ചെയ്യുന്ന അങ്കോർ വാട്ട്. യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ഭഗവാൻ വിഷ്ണുവാണ് പ്രതിഷ്ഠ. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഘടനയാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖമർ രാജാവായ സൂര്യവർമൻ രണ്ടാമനാണ് ഈ കൂറ്റൻ ക്ഷേത്രം പണികഴിപ്പിച്ചത്. നിർമ്മാണ ചാതുര്യത്താൽ കാഴ്ചക്കാരിൽ വിസമയം തീർക്കുന്ന ക്ഷേത്രം 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. അപ്‌സര കന്യകമാരുടെ ശിൽപങ്ങൾ കൊത്തിയ ചുവരുകളാണ് ക്ഷേത്രത്തിന്റെ സവിശേഷത. കംബോഡിയയുടെ ദേശീയ പതാകയിൽ ക്ഷേത്രത്തിന്റെ മാതൃകയുണ്ട്.
പ്രംബനൻ ക്ഷേത്രം
ഹിന്ദു മതത്തിനും സനാതന സംസ്‌കാരത്തിനും ഇന്ത്യോനേഷ്യയിൽ ആഴത്തിൽ വേരോട്ടമുണ്ട്. ഭാരതത്തിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്തോനേഷ്യയിൽ എത്തിയ ഹിന്ദുക്കൾ നിരവധി ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും അവിടെ ആരംഭിച്ചു. ഇതിൽ പ്രധാനമാണ് പ്രംബനൻ ക്ഷേത്രം. ശിവൻ, വിഷ്ണു, ബ്രഹ്‌മാവ്
എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്ര സമുച്ചയത്തിൽ 240 ക്ഷേത്രങ്ങളുണ്ട്. എഡി എട്ടാം നൂറ്റാണ്ടിൽ ജാവയിലെ ശൈലേന്ദ്ര രാജവംശത്തിന്റെ ഭരണകാലത്താണ് ക്ഷേത്രം നിർമ്മിച്ചത്.
അക്ഷർധാം ക്ഷേത്രം
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അക്ഷർധാം ക്ഷേത്രം. ന്യൂജേഴ്സിയിലെ റോബിൻസ്വില്ലെ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 191 അടി ഉയരമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ഹിന്ദു ആത്മീയ നേതാവായ ഭഗവാൻ സ്വാമിനാരായണനാണ് 185 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. 12 വർഷമെടുത്ത് നിർമ്മിച്ച ക്ഷേത്രം2023 ഒക്ടോബർ 8-നാണ് വിശ്വാസികൾക്കായി സമർപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
പശുപതിനാഥ ക്ഷേത്രം
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് വിശ്വപ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രത്തിൽ പശുപതിനാഥഭാവത്തിലുള്ള ശിവനാണ് പ്രതിഷ്ഠ. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ ജയദേവ രാജാവാണ് പണികഴിപ്പിച്ചത്. ഹിന്ദുക്കൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. എങ്കിലും മറ്റുമതങ്ങളിലുള്ളവർക്ക് വാസ്തുവിദ്യ കാണുന്നതിനായി ക്ഷേത്ര മൈതാനത്ത് പ്രവേശിക്കാം.
ശിവ- വിഷ്ണു ക്ഷേത്രം
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ സ്ഥിതി ചെയ്യുന്ന ശിവ- വിഷ്ണു ക്ഷേത്രം 1994ലാണ് സമർപ്പിച്ചത്. ശിവനും വിഷ്ണുവുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.















