അഗർത്തല: അയോദ്ധ്യയിലേക്കുള്ള പ്രത്യേക ആസ്ത ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 400- ഓളം തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടത്. അയോദ്ധ്യയിലേയ്‌ക്ക് പുറപ്പെടുന്ന ഭക്തർക്ക് യാത്രാ സൗകര്യം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തുടക്കം കുറിച്ചത്.
അയോദ്ധ്യാ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ രാജ്യത്തുടനീളം ആത്മീയതയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്ന് മണിക് സാഹ പറഞ്ഞു. ത്രിപുരയിൽ നിന്ന് ഇതാദ്യമായാണ് ഇത്രയധികം വിശ്വാസികൾ ഒരുമിച്ച് ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്നത്. ഇവിടെ നിന്ന് മാത്രമല്ല, ഭാരതത്തിന്റെ നാനാഭാഗത്ത് നിന്നും വിശ്വാസികൾ ബാലകരാമനെ കാണാൻ അയോദ്ധ്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ത്രിപുരയിൽ ആസ്ത ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും വിശ്വാസികൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 200-ലധികം ആസ്ത ട്രെയിനുകളാണ് അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നത്. ഓരോ ആസ്ത ട്രെയിനിലും 20 സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുന്നു. ഒരു ട്രെയിനിൽ ഏകദേശം 1,400 പേർക്ക് യാത്ര ചെയ്യാം. കൂടാതെ യാത്രക്കാർക്ക് വേണ്ടി നിരവധി സൗകര്യങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ദിനംപ്രതി പതിനായിരക്കണക്കിന് ഭക്ത ജനങ്ങളാണ് രാമക്ഷേത്രത്തിലെത്തുന്നത്. കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ 20 ലക്ഷത്തിലധികം ഭക്തർ രാമക്ഷേത്രം സന്ദർശിച്ചതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.















