നീണ്ട ഇടവേളയ്‌ക്ക് ശേഷം സംവിധായക കുപ്പായമണിയാൻ വി.ജി തമ്പി. പുതിയ ചിത്രം സംവിധായകൻ പ്രഖ്യാപിച്ചു. ‘ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായിരിക്കും ‘ജയ് ശ്രീറാം’ എന്നും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും വി.ജി തമ്പി പറഞ്ഞു.

ദൃശ്യ സൈൻ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രദീപ് നായരും രവി മേനോനും ചേർന്നാണ്. വിഷ്ണു വരദനാണ് സിനിമയുടെ തിരക്കഥാകൃത്ത്. കുമ്മനം രാജശേഖരൻ, ശ്രീജിത്ത് പണിക്കർ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്നു. സിനിമയുടെ മറ്റ് വിശേഷങ്ങൾ പിന്നാലെ വരുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.















