ചെന്നൈ: ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ ഹർജി തള്ളി കോടതി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്. ട്രാൻസ്‌പോർട്ട് കമ്പനി തട്ടിപ്പിലെ 3 കേസുകളുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ എൻഫോഴ്‌സ്‌മെൻ്റ് അന്വേഷിക്കുന്ന കേസിന്റെ അന്വേഷണം ആരംഭിക്കരുതെന്നായിരുന്നു ബാലാജിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. കുറ്റപത്രം രജിസ്റ്റർ ചെയ്യുന്നതിനായി സെന്തിൽ ബാലാജി നാളെ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ട കോടതി മുൻ മന്ത്രിയുടെ കസ്റ്റഡി ഒരു ദിവസത്തേക്ക് നീട്ടുകയും ചെയ്തു.
അനധികൃത പണമിടപാട് കേസിൽ 2023 ജൂൺ 14നാണ് സെന്തിൽ ബാലാജി അറസ്റ്റിലായത്. ആരോഗ്യനില മോശമാണെന്ന് കാണിച്ച് ഹൃദയശസ്ത്രക്രിയ്‌ക്ക് വിധേയനായ സെന്തിൽ ബാലാജി നിലവിൽ ചെന്നൈയിലെ പുഴൽ ജയിലിലാണ്. ജുഡിഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ മന്ത്രിയായി തുടരുന്നതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭയിൽ നിന്നും ഇയാൾ രാജിവയ്‌ക്കുകയായിരുന്നു.















