ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. മെയ് മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരുമെന്ന് എംവിഡി വ്യക്തമാക്കി. പുതുക്കിയ നിയമങ്ങൾക്കനുസൃതമായി പരിശോധന കേന്ദ്രങ്ങൾക്കൂടി സജ്ജമാക്കേണ്ടതുണ്ട്. എന്നാൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ ഇത് പ്രാവർത്തികമാക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
എച്ച് എടുത്ത് ഇനി കാർ ലൈസൻസുമായി പോകാൻ സാധിക്കില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാർക്കിംഗുമുള്ള മാതൃകയാണ് സജ്ജമാക്കിയിരിക്കുന്നത്. സമാന്തര പാർക്കിംഗ്, ആംഗുലാർ പാർക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടും നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ടേണിംഗ് റേഡിയസ് കുറഞ്ഞ വാഹനം ഉൾപ്പെടെ പരിശോധിച്ചാണ് പുതിയ രീതിയ്‌ക്ക് അനുമതി നൽകിയിരിക്കുന്നത്.
ലൈസൻസ് ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങളെല്ലാം തന്നെ മൈതാനത്ത് സജ്ജമാക്കണം. ഇക്കാര്യത്തിൽ വ്യക്തത നൽകുന്നതിനായി കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പുതിയ രീതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഇതിന് ആവശ്യമായ പരിശോധന കേന്ദ്രങ്ങൾ ഒരുക്കണമെന്നായിരുന്നു സ്‌കൂൾ അധികൃതർക്ക് നൽകിയ നിർദ്ദേശം.
നിലവിലെ പരിശോധന രീതി പ്രകാരം ഏത് മൈതാനത്ത് വേണമെങ്കിലും എച്ച് എടുക്കാവുന്നതാണ്. എന്നാൽ പുതിയ രീതി അനുസരിച്ച് കുറച്ചു കൂടി സജ്ജീകരണങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. എന്നാൽ ഇവ തയ്യാറാക്കുന്നതിന് ഒന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പറയുന്നു.















