മുംബൈ: ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിടിഎച്ച് സേവന ദാതാക്കളായ ടാറ്റാ പ്ലേയുടെ ഓഹരികൾ വാങ്ങാനൊരുങ്ങി റിലയൻസ് ഗ്രൂപ്പ്. വാൾട്ട് ഡിസ്‌നിയുടെ കൈവശമുള്ള 29.8 ശതമാനം ഓഹരികളാണ് വാങ്ങാൻ തയാറെടുക്കുന്നത്. ജിയോ സിനിമയുടെയും അനുബന്ധ സംവിധാനങ്ങലുടെയും വിപുലീകരണം ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ ടാറ്റാ സൺസിനാണ് ടാറ്റാ പ്ലേയിൽ ഭൂരിഭാഗം ഓഹരികളുമുള്ളത്. 50.2 ശതമാനം ഓഹരികളാണ് ടാറ്റാ സൺസിന്റെ കൈവശമുള്ളത്. 29.8 ശതമാനം ഓഹരികൾ ഡിസിനി ഇന്ത്യയ്‌ക്കും 20 ശതമാനം ടെമാസെക് ഗ്രൂപ്പിനുമുണ്ട്. ഇതിൽ ഡിസ്‌നിയുടെ കൈവശമുള്ള ഓഹരി പൂർണമായും സ്വന്തമാക്കാനാണ് റിലയൻസ് ശ്രമിക്കുന്നത്.
റിലയൻസ് ഗ്രൂപ്പ് വാൾട്ട് ഡിസ്‌നിയിൽ നിന്നും 29.8 ശതമാനം ഓഹരികളും സ്വന്തമാക്കിയാൽ ടാറ്റാ പ്ലേയുടെ ഓഹരികളുള്ള രണ്ടാമത്തെ കമ്പനിയാകും റിലയൻസ് ഗ്രൂപ്പ്. നിലവിൽ ഓഹരി വാങ്ങുന്നത സംബന്ധിച്ചുള്ള ഒരു സ്ഥിരീകരണവും ടാറ്റാ പ്ലേയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. ടാറ്റാ സൺസും ഇത്തരത്തിൽ ഒരു നീക്കം നടക്കുന്നതായ വിവരങ്ങളും നൽകുന്നില്ല. ബിസിനസ് ടൈംസാണ് ഇതാ സംബന്ധിച്ച റിപ്പോർട്ടുകൾ ആദ്യം പുറത്തുവിട്ടത്.















