ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ സ്വന്തമാക്കിയ രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി അശ്വിന് ആശംസകൾ അറിയിച്ചത്.
“ടെസ്റ്റ് ക്രിക്കറ്റിലെ 500 വിക്കറ്റുകൾ എന്ന അസാധാരണ നാഴികക്കല്ല് സ്ഥാപിച്ച രവിചന്ദ്രൻ അശ്വിന് അഭിനന്ദനങ്ങൾ. അശ്വിന്റെ യാത്രയും നേട്ടങ്ങളും അദ്ദേഹത്തിന്റെ കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അശ്വിൻ ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ ആശംസകൾ” – പ്രധാനമന്ത്രി കുറിച്ചു.
അനിൽ കുംബ്ലെയ്‌ക്ക് ശേഷം ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അശ്വിൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് അശ്വിന്റെ നേട്ടം. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റ് അവസാനിക്കുമ്പോൾ 499 വിക്കറ്റ് നേടിയ അശ്വിൻ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സാക് ക്രാളിയുടെ വിക്കറ്റോടെയാണ് 500 തികച്ചത്.















