ലക്നൗ: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി നടിയും ലോക്സഭാ എംപിയുമായ ഹേമാ മാലിനി. രാംലല്ലയെ ദർശിച്ച ശേഷം ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പങ്കെടുത്തു. ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഹേമാമാലിനി അയോദ്ധ്യയിലെത്തുന്നത്.
‘സൗകര്യപ്രദമായി രാംലല്ലയെ ദർശിക്കാൻ സാധിച്ചു. ശ്രീ രാമന്റെ ഭക്തരെ വരവേൽക്കുന്നതിന് അയോദ്ധ്യയിൽ എല്ലാ ക്രമീകരണങ്ങളും ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതോടെ നിരവധി പേർക്ക് തൊഴിൽ ലഭിച്ചു’- ഹേമാ മാലിനി പറഞ്ഞു. ക്ഷേത്ര ദർശനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പങ്കുവച്ചത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി അയോദ്ധ്യയിൽ നടന്ന പരിപാടിയിൽ ഹേമാ മാലിനി നൃത്തനാടകം അവതരിപ്പിച്ചിരുന്നു. സീതയായാണ് നൃത്തനാടകത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് നൃത്തനാടകം ആസ്വദിക്കാനായി അയോദ്ധ്യയിലെത്തിയിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.















