ന്യൂഡൽഹി: സ്വീഡിഷ് മറൈൻ എഞ്ചിൻ നിർമ്മാതാക്കളായ മറൈൻ ജെറ്റ് പവറുമായി ചർച്ച നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. മേക്ക് ഇൻ ഇന്ത്യ ലക്ഷ്യം വച്ച് പ്രതിരോധ മേഖലയെ കൂടുതൽ പുരോഗതിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്തതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി പ്രൊപ്പൽഷൻ സംവിധാനങ്ങൾ തദ്ദേശീയ വത്കരിക്കുന്നതിനായി നിരവധി ചർച്ചകളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ഒറിജിനൽ എക്യുപ്‌മെന്റ് മാനിഫാക്‌ച്ചേഴ്‌സുമായി സഹകരിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തദ്ദേശീയ വത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് മറൈൻ ജെറ്റ് പവർ സിഇഒ ജോനാസ് ടെസ്‌ട്രോം ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സന്ദർശനം നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ കൂടുതൽ വാട്ടർജെറ്റ് സംവിധാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും വൈകാതെ ഇവ ഇന്ത്യയിൽ നിർമ്മിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
100ലധികം വാട്ടർജെറ്റ് സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനാണ് ഇന്ത്യൻ കോസ്റ്റഗാർഡും സ്വീഡിഷ് കമ്പനിയും നിലവിൽ ധാരണയായിരിക്കുന്നത്. ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിലുപരി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. 2026-ഓടെ കപ്പലുകളിൽ ഉപയോഗിക്കുന്ന സ്‌പെയറുകളും മറ്റു ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.