വയനാട്: കാട്ടന ചവിട്ടി കൊന്ന കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറാതെ സർക്കാർ. പോളിന്റെ ഭാര്യക്കോ പിതാവിനോ കുടുംബാംഗങ്ങൾക്കോ പണം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നലെ തന്നെ പണം നൽകുമെന്നായിരുന്നു വാഗ്ദാനം.
പോളിന്റെ ജീവനറ്റ ശരീരവുമായി നാട്ടുകാർ സംഘം തിരിഞ്ഞ് മണിക്കൂറുകളോളമാണ് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചത്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതി തള്ളണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആംബുലൻസിൽ നിന്ന് ഇറക്കാൻ ജനങ്ങൾ ആദ്യം തയ്യാറായില്ല. പിന്നീട് എഡിഎം എത്തി കാര്യങ്ങളും മറ്റ് തീരുമാനങ്ങളും കുടുംബത്തെ അറിയിച്ചതോടെയാണ് മൃതദേഹം ഇറക്കാൻ ജനം തയ്യാറായത്.
അഞ്ച് ലക്ഷം ഇന്നലെ തന്നെ നൽകാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പത്ത് ലക്ഷം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എഡിഎമ്മിനെ ബന്ദിയാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങിയതോടെ 10 ലക്ഷവും ശനിയാഴ്ച തന്നെ നൽകാമെന്ന് അറിയിച്ചു. ഇതോടെ ജനക്കൂട്ടം പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംസ്കരിച്ചു. എന്നാൽ ഇതുവരെ ഒരു രൂപ പോലും കുടുംബത്തിന് ലഭിച്ചിട്ടില്ല. സർക്കാർ വാഗ്ദാനങ്ങൾ ജലരേഖ പോലെ ആയി മാറി.
പുൽപ്പള്ളിയിൽ വൻ പ്രതിഷേധത്തിന് ശേഷമാണ് പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹവും വഹിച്ച് കൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പോലീസ് ലാത്തി വീശിയതോടെ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ട്രാഫിക് ജംഗ്‌ഷനിലും ബസ് സ്റ്റാൻഡിലുമായി രണ്ട് സംഘമായിട്ടായിരുന്നു പ്രതിഷേധം നടന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം വീട്ടിലേക്ക് മാറ്റൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.















