നീറ്റ് പരിശീലന കേന്ദ്രത്തിൽ നിന്ന് 18-കാരനായ വിദ്യാർത്ഥിയെ കാണാതായി. രാജസ്ഥാനിലെ കോട്ടയിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് ഒരാഴ്ചയ്‌ക്കിടെ അപ്രത്യക്ഷനാകുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ് യുവജരാജ്. സികർ സ്വദേശിയായ യുവരാജ് നീറ്റ് മെഡിക്കൽ എൻട്രനസിനായി തയാറെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 7ന് കോട്ടയിലെ ഹോസ്റ്റലിൽ നിന്ന് പരിശീലന കേന്ദ്രത്തിലേക്ക് പോയതാണ് വിദ്യാർത്ഥി. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നുമില്ല. എന്നാൽ മൊബൈൽ ഫോൺ ഹോസ്റ്റലിൽ നിന്ന് കണ്ടെത്തി.
രചിത് സൊന്ദിയ എന്ന വിദ്യാർത്ഥിയെ കാണാതായി ഒരാഴ്ചയ്‌ക്ക് ശേഷമാണ് പുതിയ സംഭവം. ജെ.ഇ.ഇ തയാറെടുക്കുന്ന 16-കാരനായിരുന്നു സൊന്ദിയ. സമാനമായി ഇയാളും ഹോസ്റ്റലിൽ നിന്ന് പരിശീലന കേന്ദ്രത്തിലേക്ക് വരും വഴിയാണ് അപ്രത്യക്ഷനായത്. 2017ലും സമാനമായ സംഭവം കോട്ടയിൽ നടന്നിട്ടുണ്ട്. കാണാതായ 15കാരനെ പിന്നീട് ഡൽഹിയിൽ നിന്ന് കണ്ടെത്തിയിരുന്നു. നീറ്റ് മെഡിക്കൽ എൻട്രൻസിന് കോച്ചിംഗിലായിരുന്നു കുട്ടി.
അവസാനം ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് കുട്ടി കോട്ടയിലെ കാട്ടിലേക്ക് കടക്കുന്നതാണ് കാണാനാവുന്നത്. മദ്ധ്യപ്രദേശുകാരനായ വിദ്യാർത്ഥി ജവഹർ നഗറിലെ ഹോസ്റ്റലിൽ നിന്ന് പതിവ് പരീക്ഷ എഴുതാൻ ഇറങ്ങിയതാണ്. ഒരു ടാക്സി കാറിൽ കയറിപോകുന്നതും പിന്നീട് ഗരാദിയ മഹാദേവക്ഷേത്രത്തിനടുത്ത് ഇറങ്ങി കാട്ടിലേക്ക് നടക്കുകയുമായിരുന്നു.
തൊട്ടടുത്ത ദിവസം പോലീസ് ഇയാളുടെ ബാഗ് കണ്ടെത്തി. മൊബൈലും മുറിയുടെ താക്കോലും മറ്റ് സാധനങ്ങളും ക്ഷേത്രത്തിന് അടുത്തുനിന്നും ലഭിച്ചു. പോലീസിന്റെയും എസ്ഡിആർഎഫ് ടീമിന്റെ തെരച്ചിലിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. ഇരു സംഭവങ്ങൾക്ക് പിന്നിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.