ലക്‌നൗ: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ നൃത്ത സേവ എന്ന പേരിൽ സംഗീത- നൃത്ത പരിപാടി അവതരിപ്പിച്ച് നടിയും ലോക്‌സഭാ എംപിയുമായ ഹേമ മാലിനി. ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഹേമ മാലിനി അയോദ്ധ്യയിലെത്തുന്നത്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഹേമ മാലിനി നൃത്തനാടകം അവതരിപ്പിച്ചത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം വീണ്ടും രാമക്ഷേത്രത്തിൽ നൃത്യ സേവ നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹേമ മാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു.’ രാമക്ഷേത്രത്തിൽ വീണ്ടും നൃത്യ സേവ നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇത്തരത്തിൽ ഒരു അവസരം നൽകിയതിന് ക്ഷേത്രത്തിന്റെ എല്ലാ പ്രതിനിധികളോടും ഞാൻ നന്ദി അറിയിക്കുന്നു’- ഹേമ മാലിനി പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഹേമ മാലിനി രാമക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. ‘സൗകര്യപ്രദമായി രാംലല്ലയെ ദർശിക്കാൻ സാധിച്ചു. ശ്രീ രാമന്റെ ഭക്തരെ വരവേൽക്കുന്നതിന് അയോദ്ധ്യയിൽ എല്ലാ ക്രമീകരണങ്ങളും ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതോടെ നിരവധി പേർക്ക് തൊഴിൽ ലഭിച്ചെന്നും ക്ഷേത്ര ദർശനത്തിന് ശേഷം ഹേമ മാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.















