ഭോപ്പാൽ : മദ്ധ്യപ്രദേശിലെ വനമേഖലയിൽ 200 ലധികം പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി . മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കാരൈറ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവം ഗ്രാമവാസികളിലാകെ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. കാട്ടിൽ ഇത്രയധികം പശുക്കൾ എവിടെ നിന്ന് വന്നു എന്നതാണ് പ്രധാന ചോദ്യം. ഈ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടോയെന്നും സംശയമുണ്ട് . ഇവ കണക്കിലെടുത്താണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. ദേശീയപാത 27-ൽ കാരൈറ തഹസീലിലൂടെ കടന്നുപോകുന്ന സില്ലാർപൂർ റോഡിൽ ഹൈവേയിൽ നിന്ന് 500 മീറ്റർ അകലെയുള്ള വനത്തിലാണ് ഈ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഈ പശുക്കളുടെ മൃതദേഹങ്ങൾ നഗരത്തിൽ നിന്ന് കൊണ്ടുവന്ന് വെള്ളിയാഴ്ച രാത്രി കാട്ടിൽ തള്ളുകയായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. അതേസമയം, ചത്ത പശുക്കളുടെ വയറ്റിൽ നിന്ന് പോളിത്തീൻ കവറുകൾ പുറത്തേക്ക് വരുന്നുണ്ടെന്ന് സില്ലാർപൂർ പഞ്ചായത്ത് സർപഞ്ച് അരവിന്ദ് ലോധി പറഞ്ഞു. പ്ലാസ്റ്റിക് കഴിച്ചാണ് പശുക്കൾ ചത്തതെന്നും അദ്ദേഹം പറഞ്ഞു.