അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് മോട്ടോർ വാഹനവകുപ്പ്. ഓൺലൈൻ മുഖേന നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാൽ കാലാവധി തീരാത്ത പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമാകും അപേക്ഷിക്കാനാകുക.
നിലവിൽ അപേക്ഷകർ ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസും പാസ്‌പോർട്ടും ഓൺലൈൻ മുഖേന സമർപ്പിച്ചാൽ മതിയാകും. അപേക്ഷകർ ഫീസും ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. സാരഥി വെബ്‌സൈറ്റിലൂടെ ലൈസൻസ് നൽകിയിട്ടുള്ള രജിസ്റ്ററിംഗ് അതോറിറ്റിയുടെ പരിധിയിൽ വരുന്ന ഓഫീസിലായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
പാസ്‌പോർട്ടിലെയും ഡ്രൈവിംഗ് ലൈസൻസിലെയും പേര്, അച്ഛന്റെ പേര്, ജനനത്തീയതി എന്നിവ ഒന്നായിരിക്കണം. എന്നാൽ ഇവയിൽ മേൽവിലാസം ഒന്നായിരിക്കണമെന്ന് നിർബന്ധമില്ല. ലൈസൻസ് പെർമിറ്റിന് വേണ്ടിയുള്ള അഭിമുഖത്തിന് ആർടി ഓഫീസിൽ നേരിട്ട് ഹാജരാകാൻ അപേക്ഷകരോട് ആവശ്യപ്പെടരുതെന്ന് നിർദ്ദേശമുണ്ട്. ഇതിനാൽ തന്നെ വിദേശത്തുള്ളവർക്കും ഓഫീസിൽ എത്താതെ തന്നെ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.