ബെംഗളൂരു: മാനന്തവാടിയിൽ ആന ചവിട്ടിക്കൊന്ന കർഷകൻ അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കര്‍ണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട മോഴ ബേലൂര്‍ മഘ്‌നയാണ് അജീഷിനെ കൊലപ്പെടുത്തിയത്. വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് ഈ വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. 15 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. കര്‍ണാടക പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഫെബ്രുവരി 10-ന് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പും നാട്ടുകാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. രക്ഷപ്പെടുന്നതിനിടയിൽ ജോമോൻ എന്നയാളുടെ വീട്ടിലേക്ക് ചാടി കയറുന്നതിനിടയിലായിരുന്നു അജീഷ് നിലതെറ്റി താഴേക്ക് വീണത്. പിന്നാലെ പാഞ്ഞടുത്ത കാട്ടാന ബേലൂര്‍ മഘ്‌ന വീടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടുകയും ചെയ്തു.
പിന്നാലെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.















