ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന അക്രമത്തിലെ മുഖ്യപ്രതി അബ്ദുൾ മാലിക്കിന്റെ വീട് പോലീസ് കണ്ടുകെട്ടി. ഒളിവിലായിരുന്ന മകൻ മൊയ്‌ദിന്റെ വീടും പോലീസ് കണ്ടുകെട്ടി. ശനിയാഴ്ച ഇരുവരുടെയും വീടുകളിൽ നിന്ന് ഏകദേശം 6 ട്രക്കുകളിലായി സാധനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ അർധസൈനിക വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. അക്രമത്തിൽ ഉൾപ്പെട്ട ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളുടെ വീടുകൾ കണ്ടുകെട്ടാനും സർക്കാർ ഒരുങ്ങുകയാണ്.
അറ്റാച്ച്‌മെൻ്റ് പ്രക്രിയ വെള്ളിയാഴ്ച ആരംഭിച്ചെങ്കിലും ശനിയാഴ്ചയാണ് ഇത് പൂർത്തിയായത് . കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഈ അവസരത്തിൽ ഒരുക്കിയിരുന്നത്. 13 മണിക്കൂർ നീണ്ട ഈ നടപടിയിൽ അബ്ദുൾ മാലിക്കിന്റെയും മകൻ മൊയ്‌ദിന്റെയും വീടിന്റെ മുക്കിലും മൂലയിലും തിരച്ചിൽ നടത്തി . ഡോർമാറ്റുകൾ, ഗീസറുകൾ, സീലിംഗ് ഫാനുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. ആറോളം ട്രക്കുകളിലായാണ് കലാപക്കേസ് പ്രതികളായ അച്ഛന്റെയും മകന്റെയും വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ കൊണ്ടുപോയത്.
കണ്ടെടുത്ത സാധനങ്ങളുടെ മൂല്യം കോടികൾ വരും. വിദേശ വാച്ചുകൾ, വിലകൂടിയ സുഗന്ധദ്രവ്യങ്ങൾ, വിലകൂടിയ ഫർണിച്ചറുകൾ, പാത്രങ്ങൾ, വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അബ്ദുൾ മാലിക്കിന്റെ കുർക്കിയിലെ വീട്ടിൽനിന്നും ബംഗ്ലാദേശ്, നേപ്പാൾ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ കറൻസികൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട് .
അക്രമത്തിൽ പങ്കെടുത്ത് ഒളിവിലായിരുന്ന വസീം, റയീസ്, തസ്ലീം എന്നിവരുടെ വീടുകളും പോലീസ് കണ്ടുകെട്ടി. ഇപ്പോൾ ലേലത്തിന് അർഹമായ സാധനങ്ങളുടെ പട്ടികയും പൊലീസ് തയ്യാറാക്കുന്നുണ്ട്.















