ഫെബ്രുവരി 25-നാണ്ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. മൺകലവും ചിരട്ടത്തവിയും ഉപയോഗിച്ചാണ് പൊങ്കാലയിടുന്നത്. ഇതിന് പിന്നിൽ, ഒരു വിശ്വാസവും ഉണ്ട്. മൺകലത്തിൽ പൊങ്കാല ഇട്ടാൽ മാത്രമേ, ആറ്റുകാലമ്മയ്ക്ക് ഇഷ്ടപ്രസാദമായി മാറുകയുള്ളുവെന്നാണ് വിശ്വാസം. ഈശ്വരസാക്ഷാത്കാരത്തിന്റെ പ്രതീകമാണ് പൊങ്കാല. പഞ്ച ഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നവയാണ് മണ്‍കലവും അരിയും, ഇതിനോട് വായു, ജലം, ആകാശം, അഗ്നി എന്നിവ സമ്മേളിക്കുന്നതോടെ പൊങ്കല ആർപ്പിക്കുന്ന വ്യക്തിക്ക് ഈശ്വരാധീനം ലഭിക്കുന്നു എന്നാണ് വിശ്വാസം.
ഇതുപോലെ തന്നെ, പൊങ്കാല സമർപ്പിക്കുവാൻ അനുവാദം ചോദിക്കുന്നു എന്ന വിശ്വാസത്താൽ പൊങ്കാലയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തും. പൊങ്കാല നിവേദ്യത്തിനു ശേഷം ശിരോരോഗങ്ങള് നീങ്ങുവാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ്, കാര്യസിദ്ധിക്കായി തെരളി (കുമ്പിളപ്പം) എന്നിവ സമർപ്പിക്കാറുണ്ട്. തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നിവേദിക്കുന്നത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്. ദേവിദേവന്മാരുടെ ഇഷ്ടവഴിപാടാണ് തെരളി.
പൊങ്കാല തിളച്ചു തൂകുന്നതാണ് ഏറ്റവും ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കുമെന്ന് പറയുന്നു. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ലെന്നുമാണ് പറയുന്നത്.















