വയനാട്: ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അടിയന്തരയോഗം ചേർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇതിനെ തുടർന്ന് നാളെ വയനാട്ടിൽ സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
മനുഷ്യജീവനുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആവശ്യമായതെല്ലാം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയം അറിയിച്ചു. നാളെ വൈകുന്നേരം വയനാട്ടിൽ എത്തുന്ന ഭൂപേന്ദ്ര യാദവ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ വീടുകൾ സന്ദർശിക്കും. തുടർന്ന് ഇരുപത്തിരണ്ടാം തീയതി അവലോകന യോഗം ചേരും. ഇതിനുശേഷം വനം വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു.















