ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ആരതിയെ തീ കൊളുത്തുന്നതിനിടെ ശ്യാമിനും പൊള്ളലേറ്റിരുന്നു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരിച്ചത്. ആരതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കടക്കരപ്പിള്ളി വെട്ടയ്‌ക്കൽ സ്വദേശി ആരതിയെ ഭർത്താവ് തീ കൊളുത്തിയത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് യുവതി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. ജോലിക്കായി ഇരു ചക്രവാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് വഴിയിൽ തടഞ്ഞു നിർത്തി. തുടർന്നുണ്ടായ വാക്കു തർക്കത്തിൽ പ്രകോപിതനായ ശ്രീജിത്ത് കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടി തീ അണച്ച് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി.















