നടി തൃഷയ്‌ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അധിക്ഷേപ പരാമർശത്തിൽ നടിക്ക് പിന്തുണയുമായി നടൻ മൻസൂർ അലി ഖാൻ. ഒരു സഹതാരത്തെക്കുറിച്ച് വേദനാജനകമായി സംസാരിക്കുന്നത് ഏറെ വേദനാജനകമാണെന്ന് നടൻ പറഞ്ഞു. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ മ്ലേച്ഛമാണ്, ഇത് സമൂഹത്തെ ബാധിക്കും. പരാമർശം നടത്തിയ നേതാവിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തമിഴ് മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു മൻസൂർ അലിഖാൻ.
മൻസൂർ അലിഖാൻ മുമ്പ് തൃഷയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമർശം വൻ വിവാദത്തിലേക്ക് വഴിവച്ചിരുന്നു. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെ തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ട ഹര്‍ജി നല്‍കുകയും ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളുകയും ചെയ്തിരുന്നു.
സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു എഐഎഡിഎംകെ നേതാവ് എ വി രാജുവിന്റെ അപകീർത്തിപ്പെടുത്തുന്ന പരാമർശം. സമൂഹമാദ്ധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായതോടെ തൃഷ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിന്, പിന്നാലെ സിനിമ-സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേരും തൃഷയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.