തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച ഷമീറാ ബീവിയുടെ ഭർത്താവ് നയാസ് നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ ജില്ലാനേതാവ്. മണക്കാട് പരുത്തിക്കുഴി സ്വദേശിയായ ഇയാൾ പിഎഫ്‌ഐയുടെ സീപ്പിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചതായാണ് റിപ്പോർട്ട്. സ്വന്തമായി സൗണ്ട് സിസ്റ്റമുള്ള നയാസ് മൈക്ക് അനൗൺസറും പ്രഭാഷകനുമാണ്. കൂടാതെ ഇയാൾ പിഎഫ്‌ഐയ്‌ക്ക് വേണ്ടി മത പ്രസംഗങ്ങളും നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പിഎഫ്‌ഐയുടെ പ്രതിഷേധ സമരങ്ങളിലും ഇയാൾ സജീവമായിരുന്നു.
സമൂഹ മാദ്ധ്യമങ്ങളിൽ പിഎഫ്‌ഐയ്‌ക്ക് വേണ്ടി പ്രതീകരിക്കുന്ന നയാസ് ആയുധ പരിശീനത്തിന് അടക്കം സൗകര്യം ചെയ്തു നൽകാറുണ്ട്. ഇയാളുടെ ആദ്യഭാര്യയും മക്കളും കരുമത്താണ് താമസിക്കുന്നത്. ഈ ബന്ധം തുടരുന്നതിനിടയിലാണ് പാലക്കാട് സ്വദേശിയായ ഷമീറയെ നിക്കാഹ് കഴിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച അമ്മയും കുഞ്ഞും മരിച്ചത്. 36 കാരിയുടെ നാലാമത്തെ പ്രസവമായിരുന്നു. ആധുനിക ചികിത്സ മതവിരുദ്ധം എന്ന് പറഞ്ഞാണ് പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോകാതിരുന്നത്. അക്യുപങ്ചർ ചികിത്സയിലൂടെയാണ് ഇയാൾ ഭാര്യയുടെ പ്രസവമെടുത്തത്. എന്നാൽ ഇതിനിടെ അമിതമായി രക്തസ്രാവമുണ്ടാവുകയും ബോധരഹിതയാവുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടർന്നു സ്ഥലത്തെത്തിയ പോലീസ് നയാസിനെ കസ്റ്റഡിയിലെടുത്തു. മനപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.















