ബെംഗളൂരു: നടി ഐശ്വര്യ റായ് ബച്ചനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഐശ്വര്യയെ അവഹേളിച്ച രാഹുൽ വീഴ്ചകളിലേക്ക് കൂപ്പുകുത്തിയതായി ബിജെപി പറഞ്ഞു. ഒരു കന്നഡിഗനെ അപമാനിച്ച രാഹുലിനെതിരെ പ്രതീകരിക്കാൻ പോലും തയ്യാറാകാത്ത കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉയർത്തിയത്.
‘ഇന്ത്യക്കാരുടെ തിരസ്‌കരണത്തിൽ നിരാശനായ രാഹുൽ, ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്നതിലൂടെ വീഴ്ചകളിലേക്ക് കൂപ്പുകുത്തി. ഇന്ത്യയ്‌ക്ക് യശസ് കൊണ്ടുവന്ന ഐശ്വര്യ റായിക്കെതിരെ ഒരു നേട്ടവും കൊണ്ടുവരാത്ത രാജവംശത്തിന്റെ ഒരു നാലാം തലമുറ കുപ്രചരണങ്ങൾ നടത്തുകയാണ്, കർണാടക ബിജെപി ട്വീറ്റ് ചെയ്തു.
‘മിസ്റ്റർ സിദ്ധരാമയ്യ, നിങ്ങളുടെ ബോസ് ഒരു കന്നഡിഗനെ അപമാനിക്കുമ്പോൾ, നിങ്ങളുടെ കന്നഡയുടെ അഭിമാനം ഉയർത്തിപ്പിടിച്ച് അനാദരവിനെതിരെ സംസാരിക്കുമോ, അതോ നിങ്ങളുടെ മുഖ്യമന്ത്രി കസേര സംരക്ഷിക്കാൻ മിണ്ടാതിരിക്കുമോ? ട്വീറ്റിലൂടെ ബിജെപി ചോദിച്ചു.
രാഹുലിന്റെ വീഡിയോ ക്ലിപ്പുകളും ബിജെപി എക്‌സിൽ പങ്കുവെച്ചു. ഐശ്വര്യ റായി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ നൃത്തം ചെയ്തുവെന്നും, അമിതാഭ് ബച്ചൻ അവിടെ ‘ഭാംഗ്ര’ ചെയ്തുവെന്നുമാണ് രാഹുൽ പൊതുപരിപാടിക്കിടയിൽ പറഞ്ഞത്. പ്രയാഗ്രാജിൽ നടന്ന ജോഡോ യാത്രയ്‌ക്കിടയിലായിരുന്നു പരാമർശം.
രാഹുലിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ മൗനം പാലിക്കുന്ന പ്രിയങ്കയുടെ നടപടിയെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ലയും ചോദ്യം ചെയ്തു. ‘രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നു. പ്രിയങ്ക എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? അവർക്ക് നാണക്കേടുണ്ടോ?’ പൂനവല്ല വിമർശിച്ചു.