ന്യൂഡൽഹി: അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി 5 ട്രില്യൺ ഡോളറിലെത്തുമെന്നും 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക ബാങ്ക് ജെഫറീസ് വ്യക്തമാക്കി. 2030 ഓടെ ഏകദേശം 10 ട്രില്യൺ ഡോളറിന്റെ വിപണിയായി ഇന്ത്യ മാറുമെന്നും ആഗോള നിക്ഷേപകർക്ക് രാജ്യത്തെ അവഗണിക്കാൻ കഴിയില്ലെന്നും ജെഫറീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജിഡിപിയിൽ തുടർച്ചയായി മികച്ച വളർച്ച നേടുന്നതും സാമ്പത്തിക പരിഷ്‌കരണ നടപടികളും ഭൗമ രാഷ്‌ട്രീയ സാഹചര്യങ്ങളും ഇന്ത്യയ്‌ക്ക് അനുകൂലമാണ്. പ്രതിവർഷം ഏഴ് ശതമാനം വളർച്ച നേടിയാണ് രാജ്യത്തിന്റെ വളർച്ച. ജിഡിപിയിലെ ഈ മാറ്റമാണ് പത്താം സ്ഥാനത്ത് നിന്ന് ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരാൻ കാരണം. സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന ജപ്പാനെയും ജർമ്മനിയെയും മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യക്ക് സാധിക്കും. 2030-ൽ 10 ട്രില്യൺ ഡോളറായി ഇന്ത്യയുടെ ജിഡിപി ഉയരും.
പാപ്പരത്ത നിയമം(bankruptcy law), ജിഎസ്ടി നടപ്പാക്കൽ, റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം (RERA), നോട്ട് നിരോധനം തുടങ്ങിയ പരിഷാകാരങ്ങൾ നടപ്പിലാക്കിയപ്പോഴും ഇന്ത്യയുടെ ജിഡിപി ഉയർന്ന് നിൽക്കുകയായിരുന്നു. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണി 8 മുതൽ 10 ശതമാനം വരെ നേട്ടം കൈവരിക്കുമെന്നും ജെഫറീസ് കൂട്ടിച്ചേർത്തു.















