കണ്ണൂർ: രാമഭക്തരെയും വഹിച്ച് കണ്ണൂരിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ തീർത്ഥാടക സംഘം യാത്ര തിരിച്ചു. 450 പേരടങ്ങുന്ന സംഘമാണ് അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർക്ക് വലിയ യാത്രയയപ്പാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭൻ, സി രഘുനാഥ്, സംസ്ഥാന സെക്രട്ടറിമാരായ കെ രഞ്ജിത്ത്, കെ ശ്രീകാന്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് തുടങ്ങിയവർ യാത്രയയപ്പിൽ പങ്കെടുത്തു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം തികഞ്ഞ ഇന്ന് നിരവധി പേരാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇന്നലെ വരെ 50 ലക്ഷം ഭക്തർ ക്ഷേത്ര ദർശനം നടത്തി. അയോദ്ധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാമക്ഷേത്രം തുറന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ 12.8 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. 15 ദിവസത്തിനുള്ളില്‍ തന്നെ 30 ലക്ഷത്തിലധികം പേര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദർശനം നടത്തുന്നതെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.















