വയനാട്: കൃഷിയിടത്തിൽ വച്ച് വന്യമൃഗത്തെ നേരിടുമെന്നും വനനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സർക്കാർ നിയമം മാറ്റാൻ തയാറായില്ലെങ്കിൽ ആ നിയമത്തിനു വിലകൽപ്പിക്കില്ല. സാധാരണ കർഷകർ തെരുവിലിറങ്ങാറില്ല. എന്നാൽ ആവശ്യം വന്നാൽ ലക്ഷ്യം കാണാതെ പിന്നോട്ട് പോകില്ല. കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമം. നിയമസഭയിൽ വനംമന്ത്രി പറഞ്ഞത് വന്യമൃഗ ആക്രമണത്തിൽ. 909 ആളുകൾ കൊല്ലപ്പെട്ടുവെന്നാണ്. ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇടപെടാത്തത്. തെമ്മാടിത്തം എന്ന് മാത്രമേ ഇതിനെ പറയാനാകൂ.
മലയോര കർഷകരെ തിന്നു തീർക്കാനാണ് ഈ നിയമങ്ങൾ. വന്യജീവി സംരക്ഷണ നിയമം പോലെ മനുഷ്യ സംരക്ഷണത്തിനും നിയമം വേണം. നിയമം കയ്യിലെടുക്കാൻ പറയുന്നില്ല. എന്നാൽ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുക തന്നെ ചെയ്യും. ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തെ മാനിക്കാത്ത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥതയില്ല. സർക്കാരിനെയും വന്യമൃഗങ്ങളെയും ഭയമില്ല.
ചില മന്ത്രിമാരുടെ വാക്കുകൾ കേട്ടപ്പോൾ കാട്ടാനയാണ് ഭേദമെന്ന് തോന്നി. ഒന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ വെള്ളാനയായ ഈ വനംവകുപ്പ് എന്തിനാണ്? കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചെന്ന് ആരോപിച്ചാണ് വനംവകുപ്പ് കേസെടുക്കുന്നത്. കർഷകർക്കെതിരെ കേസെടുക്കുകയെന്ന ഒറ്റകാര്യമാണ് വനംവകുപ്പ് ചെയ്യുന്നത്.
നികുതിയടക്കുന്ന സ്വന്തം പറമ്പിൽ വന്യജീവി സംരക്ഷണ നിയമം പാലിക്കാൻ തയ്യാറല്ല. വനത്തിലാണ് വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടത്്. വന്യജീവികളെ സംരക്ഷിക്കാനുള്ള ബാധ്യത കർഷകനല്ല, വനംവകുപ്പിനാണ്. റേഡിയോ കോളർ ഘടിപ്പിച്ച ആനയെപ്പോലും നിരീക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് റേഡിയോ കോളർ നൽകേണ്ടത്. അവർ വരുന്നുണ്ടെന്ന് അറിഞ്ഞാൽ ഓടി രക്ഷപ്പെടാമല്ലോ.
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവനാണ് മുഖ്യമന്ത്രിയെങ്കിൽ ഒറ്റക്കൊമ്പന്റെയും പുലിയുടെയുമെല്ലാം ഇടയിലൂടെ വന്നവരാണ് മലയോര കർഷകർ. അതുകൊണ്ട് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. വോട്ട് ചോദിച്ച് വയനാട്ടിലേക്ക് സർക്കാർ വരണമെന്നില്ല. കർഷകർക്ക് മേൽ എടുത്ത കേസുകൾ പിൻവലിക്കുകയും നടപടി തെറ്റായിപ്പോയി എന്ന് പറയുകയും ചെയ്താൽ വോട്ട് ചോദിച്ച് വരാം.- അദ്ദേഹം പറഞ്ഞു.