ബെംഗളൂരു: മംഗളൂരു കാർവാറിനു സമീപം ദൂരൂഹ സാഹചര്യത്തിൽ ചൈനീസ് ബോട്ട് കണ്ടെത്തി. കാർവാർ കുന്ദ തീരത്ത് നിന്ന് 200 കിലോമീറ്റർ അകലെയാണ് ചൈനീസ് പതാകയുള്ള മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് ദിവസം മുമ്പ് കടലിൽ മത്സ്യബന്ധനത്തിനായി പോയവരാണ് ബോട്ട് കണ്ടത്. ചൈനയിലെ തുറമുഖത്ത് റജിസ്റ്റർ ചെയ്ത ചുവന്ന കൊടിയുള്ള ബി.വി.കെ5 എന്ന ബോട്ടായിരുന്നു ഇത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ ബോട്ടിന്റെ ദൃശ്യങ്ങൾ പകർത്തുകയും കോസ്റ്റൽ പോലീസിന് ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. കാർവാർ സീബേഡ് നേവൽ ബേസിന് അടുത്താണ് ബോട്ട് കണ്ടെത്തിയതത്. ചാരപ്രവൃത്തിക്കായി എത്തിയതാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ഹൊന്നാവർ കോസ്റ്റൽ പോലീസ് കേസെടുത്തു. കോസ്റ്റ് ഗാർഡ് അടക്കമുള്ള ഏജൻസികൾ തിരച്ചിൽ ആരംഭിച്ചു.















