മുംബൈ: ഫുട്പാത്തിലും മരങ്ങളിലും തെരുവ് വിളക്കുകളിലും ഹോർഡിംഗുകളും ബാനറുകളും സ്ഥാപിച്ച് നിയമവിരുദ്ധ പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കരുതെന്നും പൊതുജനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബോംബെ ഹൈകോടതി പറഞ്ഞു. റോഡുകളും ഫുട്പാത്തും മറച്ച് ഹോർഡിംഗുകളും ബാനറുകളും സ്ഥാപിക്കുന്ന രീതി കാണുമ്പോൾ സർക്കാർ തലത്തിൽ അല്ലാതെ പൊതുജനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ കൊടുക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാധാരണ ജനങ്ങളോടും ഓരോ വ്യക്തിയോടും ഈ വിഷയത്തിൽ സജീവമാകാനും നിയമവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതും മറ്റുള്ളവർക്ക് ദോഷം വരുത്തുന്നതുമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഒരു രാഷ്‌ട്രീയ പാർട്ടിയോ വാണിജ്യ സംഘടനയോ ഏതെങ്കിലും മതവിഭാഗമോ ആകട്ടെ, ഒരു വ്യക്തിക്കോ സംഘടനക്കോ, പൊതുസ്ഥലങ്ങളായ ഫുട്പാത്ത്, റോഡുകൾ തുടങ്ങിയവ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കും പരസ്യങ്ങൾക്കും ഉപയോഗിക്കാൻ നിയമപരമായി അനുവദിക്കില്ല. കോടതി ഉത്തരവിൽ കുറിച്ചു.















