ഭോപ്പാൽ: അടുത്ത അദ്ധ്യായന വർഷം മുതൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ് വരെ ആഴ്ചയിൽ ഒരുദിവസം ‘ബാഗ്‌ലെസ് സ്‌കൂൾ’ നടപ്പിലാക്കാൻ മദ്ധ്യപ്രദേശ് സർക്കാർ.
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ- സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമായിരിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. ഇത് കൂടാതെ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം ക്ലാസുകൾക്കനുസരിച്ച് ക്രമീകരിക്കാനും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയയിട്ടുണ്ട്.1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗിന്റെ പരമാവധി ഭാരം 1.6-2.2 കിലോ ആയിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
” ബാഗ്‌ലെസ് സ്‌കൂൾ’ ദിനത്തിൽ കുട്ടികൾക്ക് പാഠ്യേതര വിഷയങ്ങൾക്കായിരിക്കും പ്രധാന്യമെന്ന് വിദ്യാഭ്യാസ മന്ത്രി ഉദയ് പ്രതാപ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കായിക വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ, സംഗീതം തുടങ്ങി മനസിലും ശരീരത്തിനും ഉന്മേഷം നൽകുന്ന കാര്യങ്ങളിൽ ആ ദിവസും കുട്ടികൾ ഏർപ്പെടും. സ്‌കൂൾ അവർക്ക് സമ്മർദ്ദം നൽകുന്ന വിഷയമായി മാറരുത്, അതിനാണ് ഇത്തരം ഒരു തീരുമാനം, മന്ത്രി വ്യക്തമാക്കി. പുതിയ അദ്ധ്യയന വർഷം മുതൽ ബാഗലെസ് സ്‌കൂൾ നയം കർശനമായി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.