ബെംഗളൂരു: എഡ്യൂ ടെക് സ്ഥാപനമായ ബൈജൂസിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് പ്രധാന നിക്ഷേപകർ. ഇന്ന് ചേർന്ന ഓഹരി ഉടമകളുടെ യോഗത്തിൽ പ്രോസസ് എൻവി, പീക് എക്‌സ്‌വി എന്നീ നിക്ഷേപകർ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റാനായി വോട്ട് ചെയ്തു. ബ്ലൂംബർഗ് റിപ്പോർട്ട് അനുസരിച്ച് മറ്റുചില നിക്ഷേപകർ കൂടി സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ മാറ്റുന്നതിന് അനുകൂലമായി വോട്ടുചെയ്തിട്ടുണ്ട്.
ഇതിനിടെ ബൈജൂസിലെ ചില ജീവനക്കാർ സൂം മീറ്റിംഗിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു. പല രീതിയിലും ഇവർ യോഗം തടസ്സപെടുത്താൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം , തന്നെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. ഇന്നത്തെ യോഗത്തിലുണ്ടായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് ബൈജൂസ് വാർത്താക്കുറിപ്പിലൂടെയും അറിയിച്ചു. തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം. ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.















