ന്യൂഡൽഹി: മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാൻ പുതിയ സംവിധാനമൊരുങ്ങുന്നു. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിംഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് വൈകാതെ നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തു.
തട്ടിപ്പ് കോളുകൾ തടയുകയാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. ഇത് നടപ്പാക്കിയാൽ ട്രൂ കോളർ ആപ്പില്ലാതെ തന്നെ ഫോൺ വിളിക്കുന്നത് ആരെന്ന് അറിയാൻ സാധിക്കും. ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രം സിഎൻഎപി സൗകര്യം പ്രവർത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാൾക്ക് പേര് മറച്ച് വയ്‌ക്കണമെങ്കിൽ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കാൻ ഉപയോഗിച്ച കെവൈസി തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും സ്ക്രീനിൽ ദൃശ്യമാവുക.
രേഖയിലുള്ള പേര് പിന്നീട് മാറ്റിയവർക്ക് തിരിച്ചറിയൽ രേഖ നൽകി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുൻപ് ഒരു ടെലികോം സർക്കിളിൽ പരീക്ഷണം നടത്തും. കമ്പനികളുടെ ബൾക്ക് കോർപറേറ്റ് കണക്ഷനുകളിൽ നിന്നുള്ള കോളുകളിൽ ട്രേഡ്മാർക്ക് പേരും മറ്റും ദൃശ്യമാകുന്ന തരത്തിലാകും പുത്തൻ സംവിധാനം.