ചെന്നൈ: കോൺഗ്രസ് എംഎൽഎ എസ്. വിജയധരണി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി അരവിന്ദ് മേനോനിൽ നിന്നാണ് വിജയധരണി അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ വിളവൻകോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ വിജയധരണി മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും നിയമസഭാ ചീഫ് വിപ്പുമായിരുന്നു. കോൺഗ്രസിനുള്ളിലെ പ്രധാന പ്രശ്‌നം ഗ്രൂപ്പിസമാണ്. നേതാക്കൾ പാർട്ടിയെ വളർത്തുന്നതിന് പകരം സ്വന്തം ഗ്രൂപ്പുകളെ വളർത്താനും വ്യക്തിപരമായി വളരാനുമാണ് ശ്രമിക്കുന്നതെന്ന് വിജയധരണി പറഞ്ഞിരുന്നു.
ശനിയാഴ്ച, എഐസിസി സെൽവപെരുന്തഗൈയെ പുതിയ ടിഎൻസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. ഇതിൽ വിജയധരണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിലും വിജയധരണി പങ്കെടുത്തിരുന്നില്ല.