തിരുവനന്തപുരം; തലസ്ഥാനം ദേവിയുടെ എഴുന്നള്ളത്തിനായി കാത്തിരിക്കുകയാണ്. ദേവിക്കായി നിവേദ്യം തയ്യാറാക്കുന്നുന്നതിന്റെ തിരക്കിലാണ് അമ്മമാർ. ഇതിനാൽ തന്നെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ യാത്രികർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..
ഇന്നും നാളെയുമായി നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങളും മറ്റു ഹെവി വാഹനങ്ങളും കഴക്കൂട്ടത്തിൽ നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നാളെ 8 മണി വരെ ക്ഷേത്ര പരിസരത്തും നഗരാതിർത്തിക്കുള്ളിലും കണ്ടെയ്‌നർ, ചരക്കു വാഹനങ്ങൾ, ലോറികൾ തുടങ്ങിയവ പ്രവേശിക്കാനോ വഴിയരികിൽ പാർക്ക് ചെയ്യാനോ പാടില്ലെന്ന കർശന നിർദ്ദേശവും മുന്നോട്ട് വയ്‌ക്കുന്നുണ്ട്.
വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പോകേണ്ടത് കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയാണ്. പേരൂർക്കട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴിയും പോകാൻ നിർദ്ദേശമുണ്ട്. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കിളിമാനൂർ, ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചക്കൽ ചാക്ക കഴക്കൂട്ടം- ബൈപ്പാസ് വെട്ടുറോഡ് വഴിയും പോകണമെന്നാണ് നിർദ്ദേശം.















