മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ എത്തിയതിന് പിന്നാലെ യഥാർത്ഥ മഞ്ഞുമ്മലിലെ യുവാക്കളുടെ ജീവിതമാണ് ചർച്ചയാകുന്നത്. 2006-ലായിരുന്നു മഞ്ഞുമ്മലിലെ 11 പേരുടെ ജീവിതത്തിൽ ഭയാനകമായ സംഭവവികാസങ്ങൾ നടന്നത്.
ഇത് സിനിമയാക്കാനായി ഇതിന് മുമ്പും ഒരുപാട് പേർ വന്നിരുന്നെന്നാണ് മഞ്ഞുമ്മലിലെ യുവാക്കൾ ഇപ്പോൾ പറയുന്നത്. കാൻവാസിന്റെയും ബജറ്റിന്റെയും പ്രശ്നം കാരണമാണ് പലരും സിനിമ വേണ്ടെന്ന് വച്ചതെന്നും 11 പേർ പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോടായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
ഞങ്ങളുടെ കഥ സിനിമ ആക്കാൻ വരുന്ന ആദ്യത്തെ ആളല്ല ചിദംബരം. നാലാമത്തെ ആളാണ്, ഇതിന് മുമ്പ് ഒരുപാട് പേർ വന്നിരുന്നു. പക്ഷെ, വലിയൊരു കാൻവാസിൽ ചെയ്യേണ്ട ചിത്രമല്ലേ, വലിയൊരു കാൻവാസിൽ വലിയ ബജറ്റ് വേണ്ടിവരും. അതിനാലാണ് ആരും ചെയ്യാത്തതെന്നും മഞ്ഞുമ്മലിലെ യഥാർത്ഥ യുവാക്കൾ പറഞ്ഞു.
ഞങ്ങൾ 2006-ൽ കൊടൈക്കനാലിൽ പോയപ്പോൾ അന്ന് അനുഭവിച്ച സംഭവം അതുപോലെ തന്നെയാണ് സ്ക്രീനിൽ കാണിച്ചിരിക്കുന്നത്. മൂന്നു വർഷം അവരെല്ലാം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ സ്വഭാവമെല്ലാം കണ്ട് അതുപോലെ പഠിച്ചിരുന്നെന്നും സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു.