രാഷ്‌ട്രീയത്തിലേയ്‌ക്കിറങ്ങാൻ നടൻ വിജയ്‍യെ നിർബന്ധിച്ചത് താനാണെന്ന് കമൽ ഹാസൻ. രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതിനെപ്പറ്റി തന്നോട് വിജയ് ഉപദേശം തേടിയിരുന്നുവെന്നും താരം പറഞ്ഞു. വിജയുടെ രാഷ്‌ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കമൽ ഹാസൻ. ഇതോടെ ഇരുവരുടെയും പാർട്ടികൾ തമ്മിൽ സഖ്യം ഉണ്ടാകുമോ എന്ന ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തി.
“സിനിമ വിട്ട് രാഷ്‌ട്രീയത്തിലിറങ്ങുന്നതാണ് വിജയുടെ ശൈലി. എന്റെ മറ്റൊന്നാണ്. ഞാൻ സിനിമയിൽ നിൽക്കുമ്പോൾ തന്നെ രാഷ്‌ട്രീയത്തിലും തുടരും. രാഷ്‌ട്രീയത്തിന് പണം സമ്പാദിക്കേണ്ടതുണ്ട്. അതിനാലാണ് ഞാൻ ഇപ്പോഴും സിനിമയിൽ തുടരുന്നത്. രാഷ്‌ട്രീയത്തെപ്പറ്റി ഞാൻ വിജയ്‍യോട് നേരത്തെ പലവട്ടം സംസാരിച്ചിട്ടുണ്ട്”.
“രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ വിജയ്‍യെ പ്രോത്സാഹിപ്പിച്ച ആദ്യത്തെ ചില നടന്മാരിൽ ഒരാളാണ് ഞാൻ. മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തനം ചെയ്യുന്ന ആരും ഇവിടെ ഇല്ല. 90,000 പേരോളം വോട്ട് ചെയ്യാൻ വരാത്തതാണ് ഞാൻ കോയമ്പത്തൂരിൽ തോറ്റതിന് കാരണം. കമൽഹാസൻ തോറ്റത് വിടൂ. ഇത്രയും പേർ വോട്ട് ചെയ്യാത്തതാണ് ഏറ്റവും വലിയ തോൽവി”- എന്നും കമൽ ഹാസൻ പറഞ്ഞു.















