ബെംഗളൂരു: വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത് മലയാളിയായ സജന സജീവനാണ്. സമൂഹമാദ്ധ്യത്തിൽ സജ്‌നയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനുമായ ജെമീമ റോഡ്രിഗസ്. ”ഞങ്ങൾ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല മത്സരത്തിന്റെ ഫലം. അരങ്ങേറ്റ മത്സരത്തിലെ സജ്‌നയുടെ ഫിനിഷിംഗ് അമ്പരിപ്പിച്ചു. വെള്ളപ്പൊക്കത്തിൽ അവൾക്കെല്ലാം നഷ്ടമായിരുന്നു. വളരെ മോശം സാഹചര്യത്തിൽ നിന്നാണ് അവൾ കടന്നുവരുന്നത്. ടീമിന് ജയിക്കാൻ അഞ്ച് റൺസ് വേണ്ടപ്പോളാണ് അവൾ ക്രീസിലെത്തുന്നത്. അനായാസമായി അവർ സിക്സർ പായിച്ചു. എത്ര മികച്ച താരമാണവൾ.” ജമീമ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.
മുംബൈ ഇന്ത്യൻസിന്റെ കെയ്റോൺ പൊള്ളാർഡാണെന്നാണ് സഹതാരം യാസ്തിക ഭാട്ടിയ സജനയെ വിശേഷിപ്പിച്ചത്. മത്സരത്തിന് മുമ്പേ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മുംബൈ ഇന്ത്യൻസ് ഈ സീസണിൽ നോട്ടമിട്ട താരങ്ങളിൽ ഒരാളാണ് സജ്‌നയെന്ന് പറഞ്ഞിരുന്നു. മുംബൈ ബാറ്റിംഗ് നിരയിൽ ഒമ്പതാം നമ്പറിലാണ് 29കാരിയായ സജനയിറങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന പന്തിൽ സിക്സ് അടിച്ചാണ് മുംബൈ ഇന്ത്യൻസിന് സജന വിജയം സമ്മാനിച്ചത്.















